ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹിക ചരിത്രം
1951 മുതലുള്ള കാലഘട്ടങ്ങളില്‍ കണയന്നൂര്‍, മീനച്ചില്‍, കാഞ്ഞിരപ്പള്ളി, കോതമംഗലം, തൊടുപുഴ തുടങ്ങിയ താലൂക്കുകളില്‍ പ്രതിസന്ധികളോട് പടവെട്ടി പടുത്തുയര്‍ത്തിയ ഇന്നലെകളാണ് ഈ നാടിന്റെ ചരിത്രം. ആദിവാസികളായ ‘മന്നാന്മാര്’ ധാരാളമായി അധിവസിച്ചിരുന്ന പ്രദേശങ്ങളാണ് വാത്തിക്കുടി, മുരിക്കാശ്ശേരി, പടമുഖം, പതിനാറാംകണ്ടം, കിളിയാര്‍കണ്ടം തുടങ്ങിയ സ്ഥലങ്ങള്‍. ശ്രദ്ധേയമായ ഒരു സാംസ്കാരിക ജീവിതം നയിച്ചു വന്നവരായിരുന്നു അവര്‍. വനവിഭവങ്ങള്‍ ശേഖരിച്ചും, കാട്ടുതേനും, കായ്കനികളും ഭക്ഷിച്ചും പ്രകൃതിയോടിണങ്ങി ജീവിച്ച അവര്‍ പ്രാചീന സംസ്കൃതിയിലൂടെ ആര്‍ജ്ജിച്ചെടുത്ത തനത് കലാരൂപങ്ങളുടെ പ്രാണേതാക്കളായിരുന്നു. ദേവീ-ദേവന്മാരെ പ്രീതിപ്പെടുത്തുന്നതിനുവേണ്ടി വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ഉത്സവങ്ങളോടും വിവാഹ ആഘോഷങ്ങളോടും മറ്റ് പ്രധാന ചടങ്ങുകളോടും അനുബന്ധിച്ച് നടത്തിയിരുന്ന കൂത്ത് മന്നാന്മാരുടെ തനതുകലയാണ്. മൂങ്ങാപ്പാറ, നേര്‍ച്ചപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ അവരുടെ ക്ഷേത്രങ്ങള്‍ കാണാം. ഈറ്റ കൊണ്ട് നിര്‍മ്മിച്ച മനോഹരമായ കുടിലുകളിലാണ് ഇവര്‍ പാര്‍ത്തിരുന്നത്. കാട്ടാനയുടെ ശല്യം ഉള്ളപ്പോള്‍ ഏറുമാടങ്ങളിലും അവര്‍ താമസിച്ചിരുന്നു. നിലമൊരുക്കി നെല്ല്, കുറുംപുല്ല്, തിന എന്നിവ അവര്‍ കൃഷി ചെയ്യുകയും ഓരോ പ്രാവശ്യവും കൃഷിസ്ഥലങ്ങള്‍ മാറ്റുകയും ചെയ്തിരുന്നു. കോഴിമലയിലെ രാജ മന്നാന്റെ പ്രജകളായ ഇവര്‍ ഓരോ പ്രദേശത്തും കാണിക്കാരന് എന്ന നേതാവിന്റെ നിയന്ത്രണത്തിലായിരുന്നു. 1960 ന് ശേഷം ഉള്ളാടന്‍ വര്‍ഗ്ഗത്തില്‍പ്പെട്ട ആദിവാസികള്‍ വിവിധ പ്രദേശങ്ങളില്‍ നിന്നും ഈ പ്രദേശത്ത് എത്തുകയും ജനങ്ങളോടിടകലര്‍ന്ന് ജീവിതം നയിക്കുകയും സാമൂഹികമായും വിദ്യാഭ്യാസപരമായും പുരോഗതി നേടുകയും ചെയ്തു. ആദിവാസികളായ മന്നാന്മാര്ക്ക് മുന്‍പ് ഈ പ്രദേശത്ത് ജനവാസമുണ്ടായിരുന്നതിന്റെ തെളിവുകള്‍ തോപ്രാന്‍കുടി, പ്രകാശ്, കള്ളിപ്പാറ, മുരിക്കാശ്ശേരി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച വര്‍ഷങ്ങള്‍ പഴക്കമുള്ള മണ്‍കുടങ്ങള്‍, ജാറ മുതലായവയില്‍ നിന്നും, പതിനാറാംകണ്ടം, കള്ളിപ്പാറ തുടങ്ങിയ സ്ഥലങ്ങളില്‍ കാണുന്ന മുനിയറകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. പടമുഖത്തിന്റെ സ്ഥലനാമവുമായി ബന്ധപ്പെട്ട ഐതിഹ്യത്തില്‍ പാണ്ഡ്യരാജാക്കന്മാരും ചേര രാജാക്കന്മാരും തമ്മില്‍ യുദ്ധം നടന്നതായും അവര്‍ ഈ പ്രദേശത്ത് തമ്പടിക്കുകയോ താമസിക്കുകയോ ചെയ്തിരുന്നതായും നാട്ടറിവുകളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു. മുനിയറകള്‍ പ്രാചീന കേരളത്തിലെ വീരനായകന്മാരെ സംസ്ക്കരിച്ചിരുന്ന സ്ഥലങ്ങളാണെന്ന് കേരള ചരിത്രം പ്രതിപാദിക്കുന്നു.
ഭരണ ചരിത്രം
1964-ല്‍ കൊന്നത്തടി പഞ്ചായത്ത് രൂപീകരിച്ചു. ശ്രീ.വി.അയ്യപ്പന്‍നായര്‍ പ്രഥമ പ്രസിഡന്റ് ആയിരുന്നു. ഹൈറേഞ്ച് മേഖലയില്‍ കുടിയേറിയ കര്‍ഷകരെ കുടിയിറക്കണമോ വേണ്ടയോ, വനഭൂമിയുടെ അതിരുകള്‍ നിര്‍ണ്ണയിക്കുക തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മാത്യു മണിയങ്ങാടന്‍ എം.പി. ചെയര്‍മാനായുള്ള കമ്മിഷനെ കേന്ദ്രഗവണ്മെന്റ് നിയമിച്ചു. വിമലഗിരിയില്‍ നിന്നും പതിനാറാംകണ്ടത്തേയ്ക്ക് മണ്‍പാത വെട്ടിയാണ് കമ്മിഷനെ കൊണ്ടുവന്നത്. കര്‍ഷകരെ കുടിയിറക്കേണ്ടതില്ലെന്ന് കമ്മിഷന് തീരുമാനിക്കുകയും റിപ്പോര്‍ട്ട് രേഖയാക്കിക്കൊണ്ട് അന്നത്തെ റവന്യൂ വകുപ്പു മന്ത്രി കല്ല്യാണതണ്ടിനും ചിന്നാറിനുമിടയ്ക്ക് 33000 ഏക്കര്‍ ഭൂമിക്ക് പട്ടയം നല്കാന് പ്രഖ്യാപനം നടത്തി. ഈ കാലയളവില്‍ മുരിക്കാശ്ശേരി ഒരു വ്യാപാര കേന്ദ്രമായി മാറുകയും ചെയ്തു. 1969 ല്‍ മുരിക്കാശ്ശേരിയില്‍ സിനിമാ തിയേറ്റര്‍ ആരംഭിച്ചു. ഈ കാലയളവില്‍ ചിന്നാര്‍ ചപ്പാത്ത് നിര്‍മ്മിക്കപ്പെട്ടു. ചപ്പാത്തിന്റെ നിര്‍മ്മാണം ഗതാഗത രംഗത്ത് മാറ്റത്തിന് തുടക്കം കുറിച്ചു. 17-4-70 ലെ ജി.ഒ.എം.എസ്. 81/70- ആര്.ഡി ഉത്തരവ് പ്രകാരം കൊന്നത്തടി പഞ്ചായത്തിന്റെ ഒന്നാം വാര്‍ഡ് ഉള്‍പ്പെടുത്തികൊണ്ട് വാത്തിക്കുടി പഞ്ചായത്ത് രൂപവത്കരിക്കപ്പെട്ടു. 12-5-1970 ല്‍ പഞ്ചായത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കപ്പെട്ടു. 14-5-1970 ല്‍ പി.എം.ജോണ്‍ പ്രസിഡന്റായിട്ടുള്ള ഭരണ സമിതി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 1972-ല്‍ മുരിക്കാശ്ശേരി മൃഗാശുപത്രി നിലവില്‍ വന്നു. ഇക്കാലത്ത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിവാസികളില്‍ പലരും സ്ഥലം കര്‍ഷകര്‍ക്ക് വിലയ്ക്ക് നല്‍കുകയും അവര്‍ മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറുകയും ചെയ്തു. 1977 നു ശേഷം 12500 ഏക്കറോളം വരുന്ന ഏലത്തോട്ടം ചെറുകിട കര്‍ഷകരുടെ കൈകളിലെത്തുകയും കാര്‍ഷിക രംഗത്തും വികസന രംഗത്തും പുതിയ ദിശാബോധം സൃഷ്ടിക്കപ്പെടുകയും ചെയ്തു. 1978 ല്‍ മുരിക്കാശ്ശേരി പോലീസ് സ്റ്റേഷന് ആരംഭിച്ചു. 1979 സെപ്റ്റംബര്‍ 28-ന് തിരഞ്ഞെടുക്കപ്പെട്ട പ്രഥമ ഭരണ സമിതി അധികാരത്തിലേറി. പി.കെ.ചന്ദ്രന് പ്രസിഡന്റായും, ശ്രീ.റ്റി.വി.സദാശിവന് വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. 1981 ഓക്ടോബര്‍ 2-ാം തീയതി തറക്കല്ലിട്ട പഞ്ചായത്താഫീസ് മന്ദിരം ധൃതഗതിയില്‍ പണി പൂര്‍ത്തിയാക്കി ഉദ്ഘാടനം 1982 ജൂലായ് 6-ാം തീയതി നിര്‍വഹിച്ചു. 1982 -ല്‍ മുരിക്കാശ്ശേരി കേന്ദ്രമാക്കി വാത്തിക്കുടി വില്ലേജ് രൂപീകരിച്ചു. 1980-ല്‍ മുരിക്കാശ്ശേരി സെന്റ് മേരീസ് ഹൈസ്കൂളൂം 1981-ല്‍ തോപ്രാന്‍കുടി ഗവ.ഹൈസ്കൂളും പതിനാറാം കണ്ടം ഗവ.ഹൈസ്കൂളും അപ്ഗ്രേഡ് ചെയ്യപ്പെട്ടത് വിദ്യാഭ്യാസ രംഗത്ത് കുതിച്ചുചാട്ടത്തിന് കാരണമായി. ഹൈറേഞ്ചിന്റെ സമഗ്ര വികസനത്തിലെ പൊന്‍താരകമായി വിശേഷിപ്പിക്കാന്‍ കഴിയുന്നതാണ് മുരിക്കാശ്ശേരി പാവനാത്മ കോളേജ്. ഈ കാലഘട്ടത്തില്‍ കരിമ്പിന് മുരിക്കാശ്ശേരി റോഡ് പി.ഡബ്ള്യൂ.ഡി ഏറ്റെടുത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത് ഗതാഗത രംഗത്ത് വികസനത്തിന് വഴി തെളിച്ചു.
വികസന ചരിത്രം
വാത്തിക്കുടി പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമായ തോപ്രാന്‍കുടി ട്രൈബല്‍ എല്‍.പി സ്കൂള്‍, വാത്തിക്കുടി ടൈബ്രല്‍ എല്‍.പി സ്കൂള്‍ മുതലായവ സ്ഥാപിച്ചത് 1958 ല്‍ ആണ്. ഹൈലാന്റ് കര്‍ഷക യൂണിയന്, മലയോര കര്‍ഷക യൂണിയന് തുടങ്ങിയ സംഘടനകള്‍ കുടിയിറക്കിനും, കര്‍ഷക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരെ സംഘടിത പ്രവര്‍ത്തനം നടത്തുകയുണ്ടായി. കാട് വെട്ടിത്തെളിച്ച് നെല്‍കൃഷിയാണ് ആദ്യമായി നടത്തിയത്. മരച്ചീനിയും കൃഷി ചെയ്തിരുന്നു. വടക്ക് ഭാഗങ്ങളില്‍ നിന്നും വന്നവര്‍ പുല്‍കൃഷിയാണ് നടത്തിയത്. ചികിത്സാസൌകര്യങ്ങള്‍ പരിമിതമായിരുന്നതിനാലും വഴികള്‍ ദുര്ഘടമായതുകൊണ്ടും രോഗികളെ അടിമാലിയിലേക്കും കട്ടപ്പനയിലേക്കും ചാക്കുകട്ടിലുകളിലും മറ്റും ചുമന്നുകൊണ്ടുപോകേണ്ടി വന്നു. പഞ്ചായത്തില്‍ ആദ്യമായി സ്ഥാപിക്കപ്പെട്ട ക്രിസ്തീയ ദേവാലയം കിളിയാര്‍കണ്ടം ഹോളിഫാമിലി പള്ളിയാണ്. ഏറ്റവും അടുത്ത പോലീസ് സ്റ്റേഷന് ദേവികുളം ആയിരുന്നു. മലയോരഗ്രാമമായ വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ആദ്യവിദ്യാഭ്യാസ സ്ഥാപനമായ തോപ്രാന്‍കുടി ട്രൈബല്‍ എല്‍.പി.സ്കൂള്‍ 1954 ല്‍ സ്ഥാപിതമായി. 1980 ന് മുന്‍പ് ഈ പഞ്ചായത്തിലെ കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനുവേണ്ടി അനേക കിലോമീറ്റര്‍ യാത്ര ചെയ്ത് പാറത്തോട് ഹൈസ്ക്കൂളില്‍ പോകേണ്ടി വന്നു. വിദ്യാഭ്യാസ മേഖലയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്റിന്റെ സംഭാവനകള്‍ ശ്രദ്ധേയമാണ്. ആദ്യകാലത്തെ ഈ പഞ്ചായത്തിലെ ഏക അംഗീകൃത ഉന്നത വിദ്യാഭ്യാസ സ്ഥാപനം മുരിക്കാശ്ശേരി പാവനാത്മ കോളേജാണ്. 1971 വരെ പഞ്ചായത്തിലെ ജനങ്ങള്‍ ചികിത്സാരംഗത്ത് പ്രധാനമായും പാരമ്പര്യ വൈദ്യ കുടുംബങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ആധുനിക ചികിത്സാ കേന്ദ്രങ്ങളൊന്നും പഞ്ചായത്തില്‍ ഉണ്ടായിരുന്നില്ല. 1972-ല്‍ സ്ഥാപിതമായ പ്രാഥമിക ആരോഗ്യ കേന്ദ്രമാണ് പഞ്ചായത്തിലെ പ്രഥമ ആധുനിക ചികിത്സാസ്ഥാപനം. പൊതുജനാരോഗ്യരംഗത്ത് വാത്തിക്കുടി പ്രൈമറി ഹെല്‍ത്ത് സെന്ററും, വാത്തിക്കുടി ഗവ.ആയുര്‍വേദ ഡിസ്പെന്‍സറിയും ആണ് സേവനം അനുഷ്ഠിക്കുന്ന രണ്ടു പൊതുസ്ഥാപനങ്ങള്‍. കുടിയേറിപാര്‍ത്ത കര്‍ഷകരുടെയും കര്‍ഷകതൊഴിലാളികളുടെയും സഹകരണമനോഭാവത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെയും ഫലമാണ് വാത്തിക്കുടി ഗ്രാമപഞ്ചായത്തിലെ ഗതാഗതരംഗത്ത് ഉണ്ടായിട്ടുള്ള പുരോഗതിക്ക് അടിസ്ഥാനം. ഈ പഞ്ചായത്തിലെ തോപ്രാന്‍കുടി, വാത്തിക്കുടി, മൂങ്ങാപ്പാറ, ചിന്നാര്‍, നേര്‍ച്ചപ്പാറ എന്നിവിടങ്ങളില്‍ കൂത്ത് നടത്തപ്പെടുന്നു. വിവിധ മതാചാര ചടങ്ങുകള്‍ക്ക് അനുബന്ധമെന്നാണം വില്‍പ്പാട്ട്, അമ്മന്‍കുടം, തിരുവാതിര, കടുവാകളി തുടങ്ങി അനുഷ്ഠാന കലാരൂപങ്ങളും ഉണ്ട്.
സ്ഥലനാമചരിത്രം
ആദിവാസി വിഭാഗമായ ‘മന്നാന്‍’മാരുടെ പുരോഹിതനായിരുന്ന ‘വാത്തി’യുടെ കുടിയായിരുന്നതിനാല് വാത്തിക്കുടി എന്ന പേരുണ്ടായി. ആദ്യകാലത്ത് ജനവാസം കൂടുതല്‍ ഉണ്ടായിരുന്നതിനാല്‍ പിന്നീട് രൂപവത്കരിക്കപ്പെട്ട പഞ്ചായത്തിന് അതേ പേരു തന്നെ ലഭിച്ചു. ‘മുരിക്കാന്‍’ എന്ന ആദിവാസി നേതാവും അനുയായികളും താമസിച്ചിരുന്ന ‘ചേരി’ ആയിരുന്നതിനാല്‍ മുരിക്കാന്‍ ചേരി എന്നും മുരിക്കാശ്ശേരി എന്നും പേരായി. ആദിവാസികളുടെ നേതാവ് തോപ്രാന് എന്ന ആളുടെ വാസസ്ഥലമായിരുന്നതിനാല് തോപ്രാന്‍കുടി എന്ന പേരുണ്ടായി. കുന്നിനു മുകളില്‍ നിബിഡ വനങ്ങളുടെ ഇടയിലായി പ്രകാശമാനമായ പ്രദേശത്തെ പ്രകാശ് കാനം എന്നു വിളിക്കപ്പെട്ടു. പ്രകാശ് കാനം പിന്നീട് പ്രകാശ് ആയി മാറി.